Wednesday, July 25, 2018

ഓടിയെത്തുന്ന ഓര്‍മ്മകള്‍...:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 1:20 PM, under ,,,, | No comments

 

"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാന്‍ മോഹം"

ഒ.എന്‍.വി മാഷിന്റെ ഈ കവിത പഠിച്ചത് ഏത് ക്ലാസ്സില്‍ വെച്ചാണെന്നോര്‍മ്മയില്ല,നല്ല ഈണത്തില്‍ ഏതോ ഒരു മലയാള ടീച്ചര്‍ ചൊല്ലി പഠിപ്പിച്ചു തന്നൂ,പാടി പഠിച്ചു പരീക്ഷക്കെഴുതി...അന്നൊന്നും അറിയില്ലായിരുന്നു എന്തെല്ലാം മറക്കേണ്ടി വന്നാലും മനസ്സില്‍ ഈ കവിത മരിക്കാതെയുണ്ടാവുമെന്നു,ജന്മം നല്കിയ പിതാവിന്റെയും മാതാവിന്റെയും ഓര്‍മകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തൊരു ഭവനം പോലെ ആ ഭവനത്തിലെ കൂടപിറപ്പുകളെ പോലെ എന്റെ വിദ്യാലയ സുഹ്രുത്തുക്കള്‍ അവിടുത്തെ മാതാപ്പിതാക്കളെ പോലെ എന്റെ അദ്ധ്യാപകര്‍ മറക്കാതെ മനസ്സിലുണ്ട്,ദ്രുതഗതിയിലുള്ള ജീവിതസന്ചാരത്തിനിടയിലെ ഇടവേളയില്‍ വളര്‍ന്നു വലുതായ തറവാട്ട് മുറ്റത്തെക്കു തിരികെയെത്തുന്ന ഒരു പ്രതീതിയുണ്ട് സ്കൂള്‍ മുറ്റത്തെ ഓര്‍മകളിലേക്കു തിരികെയെത്തുമ്പോള്‍.അതിനൊരു വേദിയൊരുക്കി തന്ന എന്റെ പ്രിയ സുഹ്രുത്തുക്കള്‍ക്ക് ആദ്യമായി ഞാന്‍ നന്ദി രേഖപെടുത്തുന്നു.


ഞാനെന്റെ എം.ഐ.സി സ്കൂളിനെ പറ്റി പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യമായോര്‍മ്മ വരുന്നത് എന്റെ പിതാവിനെയാണു എന്റെ സഹോദരങ്ങളെല്ലാം മലയാള മീഡിയത്തില്‍ പഠിച്ചു വളര്‍ന്നപ്പോള്‍"അവനെങ്കിലും ഇംഗ്ലീഷ് പഠിക്കട്ടെ" എന്നു പറഞ്ഞതായി ഉമ്മ  പറഞ്ഞു കേട്ടിട്ടുണ്ട്, പിന്നെയോര്‍മ്മ വരുന്നത് വെറും നഴ്സറി വിഭാഗം മാത്രമായി തുടങ്ങിയ ഈ സ്ഥാപനത്തെ ഇന്നത്തെ എം.ഐ.സിയാക്കി മാറ്റാന്‍ ഏറെ പങ്കു വഹിച്ച എംസി മാമ്മയെയാണ്.നമ്മുടെ ഡയറക്റ്റര്‍ സയ്ദ്മുഹമ്മദ് സാര്‍ പറയാറുള്ള പോലെ വിദ്യാഭ്യാസത്തിലല്‍പ്പം അകലെ നിന്നിരുന്ന അകലാടിന്റെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായയായി മാറുകയായിരുന്നു നമ്മുടെ എം.ഐ.സി സ്കൂള്‍...

മധുരപ്പതിനേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ പന്ത്രണ്ടും പതിനാലുമൊക്കെ അദ്ദ്യയന വര്‍ഷങ്ങളും അദ്ധ്യാപകരും കൊളുത്തി വിട്ട വെളിച്ചം കൊണ്ട് നമ്മുടെ സ്കൂളില്‍ നിന്നും ഡോക്ടറ്സുണ്ടായി,പൈലറ്റ്സുണ്ടായി,എഞ്ജിനീയറ്സുണ്ടായി,എകൌണ്ടന്റ്സുണ്ടായി,ഐട്ടി പ്രഫഷണല്സുണ്ടായി,അദ്ധ്യാപകരുണ്ടായി,എഴുത്തുകാരുണ്ടായി മ്യൂസിഷന്സുണ്ടായി,നല്ല മുതളാളിമാരുണ്ടായി നല്ല തൊഴിലാളികളുണ്ടായി അതിലൊക്കെയുപരി  നല്ല മക്കളുണ്ടായി നല്ല മാതാക്കളുണ്ടായി നല്ല പിതാക്കന്മാരുണ്ടായി നല്ല മനുഷ്യരുണ്ടായി....ഇനിയും എണ്ണിയെണ്ണി പറയാന്‍ എന്റെ സുഹ്രുത്തുക്കളും ഈ വിദ്യാലയത്തിന്റെ അദ്ധ്യാപകരുടെ വിദ്യാര്‍ഥികളും എത്രയെത്രയോ മേഖലകളില്‍ എത്രയോ പദവികളില്‍ വിരാചിക്കുന്നൂ.

പ്രിയപ്പെട്ട അദ്ധ്യാപകരേ...നിങ്ങള്‍ കൊളുത്തി വിട്ട വെളിച്ചമൊന്നും പാഴായിട്ടില്ലാ...തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്,ഞങ്ങളുടെ സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളില്‍ ഞങ്ങളുടെ സുഹ്രുത്തുക്കളോടൊപ്പം നിങ്ങള്‍ക്കും മനസ്സില്‍ വലിയൊരു സ്ഥാനമുണ്ട്,മരിക്കുന്ന കാലത്തോളം മറക്കില്ലൊരിക്കലും.ഒരമ്മയുടെ സ്നേഹവാത്സല്ല്യങ്ങളും ലാളനയും നല്കി ഞങ്ങളെ പഠിപ്പിച്ച ലതിക മിസ്സ് പഠിക്കാതെ വന്നാല്‍ ഞങ്ങളോട് പിണങ്ങി മിണ്ടാതിരുന്നു പഠിക്കാതെ വന്നതിന്റെ കുറ്റബോധം ഞങ്ങളില്‍ അറിയിച്ചു തന്ന ബള്‍ക്കീസ് മിസ്സ്,കയ്യിലെ കാശെടുത്തും സമ്മാനങ്ങള്‍ വാങ്ങി വന്നു തന്റെ കുട്ടികളെ വളരെയധികം പ്രൊത്സാഹിപ്പിച്ചിരുന്ന ശൈമ മിസ്സ്,നോട്ട്സ് എഴുതാതെയും പഠിക്കാതെയും തന്നെ പരീക്ഷയെഴുതാവുന്ന രീതിയില്‍ ഞങ്ങള്‍ക്കു തമാശ പറഞ്ഞും വിമര്‍ശിച്ചും നല്ല ഉദാഹരണങ്ങള്‍ നല്കിയും ക്ലാസെടുത്തു തന്നിരുന്ന സജിത്ത് സാര്‍,ഖുര്‍ആനിക വചനങ്ങളും ആത്മീയതയും അറബിയും ഞങ്ങളെ പഠിപ്പിച്ച അബ്ദുള്‍റഹ്മാന്‍ ഉസ്താദ് ,ആര്‍ത്തട്ടഹസിച്ചാലും നന്നായി തല്ലുമായിരുന്ന ഷൈനി മിസ്സ്,തന്റെ വിദ്യാര്ഥിനിയെ ശിക്ഷിക്കെ കൈ മുറിഞ്ഞു രക്തം വാര്‍ന്നപ്പോള്‍ അവശനായി പോയ ബഷീര്‍ സാര്‍...ഒരു ചെറുവടിയുമായി ഹിന്ദി പഠിപ്പിക്കാന്‍ വന്ന് പിന്നെ ഹമാരാ പീ.ടി സാര്‍ കൂടിയായ ജോഷി സാര്‍,രൂപത്തിലും ഭാവത്തിലും ഞങ്ങളുടെയൊരു സുഹ്രുത്തിനെ പോലെ വന്ന് നിന്നു ഞങ്ങളെ ഇംഗ്ളീഷ് പഠിപ്പിച്ച സ്വാലിഹ് സാര്‍...ചാടിയോടി നടന്നു സയണ്‍സ് പഠിപ്പിച്ച ഷീജ മിസ്,സോഷ്യല്‍ പഠിപ്പിച്ചു നമ്മുടെ പ്രിന്സിപ്പാള്‍ കൂടിയായി മാറിയ സന്ധ്യ മിസ്സ്...എം.ഐ.സിക്കു ഒരുത്തേജകമായി മാറിയ ഡയറക്റ്റര്‍ സയദ് മുഹമ്മദ് സാര്‍...ഒരു ബദര്‍ ദിനത്തില്‍ ജുമുഅക്കു പോകേ ഞങ്ങളോടൊപ്പം അപകടത്തില്‍ പെട്ട അന്നത്തെ പ്രിന്സിപ്പാള്‍ ഇബ്രാഹിമ്കുട്ടി സാര്‍... ഇനിയുമിനിയുമെത്ര അദ്ധ്യാപകര്‍...നദീറ മിസ്സ്ബഷീറ മിസ്സ്,ഉമയ്റ മിസ്സ്,അര്‍ച്ചന മിസ്സ്,ജെസ്സി മിസ്സ്,എലിയാമ്മ മിസ്സ്,റഹ്മാബി മിസ്സ്,സാജിത മിസ്സ്,ലൈല മിസ്സ്,ഹെന മിസ്സ്,പേരെടുത്തു പറഞ്ഞാല്‍ തീരില്ലെന്നറിയാം,ഗുരുക്കളേ എന്നേക്കുമായി ഗുരുത്വം നല്കണേ...

എന്റെ പ്രിയപ്പെട്ട സുഹ്രുത്തുക്കളും മറക്കാത്ത ഓര്‍മകള്‍ തന്നെയാണ്,അവരുടെയൊക്കെ പേരെടുത്തു പറഞ്ഞാല്‍ അവര്‍ക്കിഷ്ടപെടുമോ എന്നെനിക്കറിയില്ല അതു കൊണ്ട് പേരു പറയുന്നില്ലാ,ഷൈനി മിസ്സ് വടി വീശുമ്പോഴേക്കും "മിസ്സേ മിസ്സേ അടിക്കല്ലെ മിസ്സേ" എന്ന് ആര്‍ത്തട്ടഹസിക്കുന്ന ഒരു സുഹ്രുത്തുണ്ടായിരുന്നൂ,പഠിക്കാതെ വന്നതിനു ഇന്നലെ ഖുത്ത്ബ് ബൈത്തുണ്ടായിരുന്നു മിസ്സെ ,റംസാനില്‍ നോമ്പ് നോറ്റവരെ അടിക്കാന്‍ പാടില്ലെന്നു പറഞ്ഞു ഞങ്ങളെ രക്ഷപെടുത്തുമായിരുന്ന മറ്റൊരു സുഹ്രുതുണ്ടായിരുന്നൂ,ഗള്‍ഫില്‍ നിന്നു ഇടക്കു വന്നു നമ്മുടെ സ്കൂളില്‍ ചേര്‍ന്നു സാജിത മിസ്സിന്റെ ശിക്ഷണത്തില്‍ അവനറിയാതിരുന്ന മലയാളം എഴുത്തും വായനയും പഠിച്ച എന്റെ സുഹ്രുത്ത് ഇന്നു നമ്മേക്കാളെല്ലാം മലയാളം സംസാരിക്കാനും എഴുതാനും കഴിവുള്ള മലയാളം ഇസ്ലാമിക വാരികയുടെ നല്ലൊരു എഴുത്തുകാരനാണിന്ന്,യാതൊരു ഡിസിപ്ളിനും പാലിക്കാതെ ആര്‍ക്കുമൊരു മാത്രുകയും നല്കാതെ പിന്നീട് ഓര്‍ക്കാന്‍ മധുരോര്‍മകള്‍ മാത്രം നല്കിയൊരു സ്കൂള്‍ ലീഡറുമുണ്ടായിരുന്നൂ,തലേന്നു തന്ന മേത്‌സ് ഹോംവര്‍ക്ക് പിറ്റേന്നത്തെ സ്കൂള്‍വര്‍ക്ക് തന്നെയാക്കി കഷ്ടപെട്ടു ഉത്തരം കണ്ടെത്തിയവന്റെ നോട്ട്ബൂക്കില്‍ നിന്നു ഈച്ചകോപ്പിയായി അതിവേഗത്തില്‍  പകര്‍ത്തുന്നവനും പകര്‍ത്താന്‍ നേരം കിട്ടാത്തവന്‍ ടീച്ചര്‍ വരല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ മേത്‌സ് പിരീഡല്ലാഞ്ഞിട്ടു പോലും മേത്‌സ് ട്ടീച്ചറെയും വിളിച്ചു വരുന്ന മറ്റൊരു സുഹ്രുത്തുമുണ്ടായിരുന്നൂ,സ്ഫടികത്തിലെ ചാക്കോ മാഷു പറയുന്ന പോലെ "ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്" എന്നു ധരിച്ച സുഹ്രുത്തായിരുന്നു.കണക്കു പിരീഡ് കഴിഞ്ഞു ഒരു പാട് കണക്കുകള്‍ ചെയ്തും തെറ്റിച്ചും കോപ്പിയടിച്ചും  ക്ഷീണിച്ചിരിക്കുമ്പോള്‍ ബെല്ലടിച്ചെന്നാശ്വസിക്കുമ്പോള്‍ പിന്നില്‍ നിന്നൊരുത്തന്‍ ഓടി വരും പോകാനൊരുങ്ങിയ ടീച്ചറോട് സംശയം ചോദിച്ചു പിടിച്ചു നിര്‍ത്തും അങ്ങനെ ഇന്റെര്‍വെല്ലാണെങ്കില്‍ അതു പോയി കിട്ടും,അന്നൊക്കെ അവനെയും ശപിച്ചു യാതൊരു സംശയവുമില്ലാതെ ഇരിക്കുമായിരുന്നു മറ്റുള്ളവര്‍.കണക്കിന്റെ ഭ്രാന്തായിരുന്നു അവന്...ഈ സ്കൂള്‍ വിട്ടു പോയിട്ടും വേറെയെവിടെയോ മേത്‌സ് പഠിക്കുന്നിടത്തു പഠിപ്പിക്കുന്ന സാറിനെ പോലും പരാജയപെടുത്തി സ്വന്തമായി സ്വലൂഷന്‍ കണ്ടെത്തിയെന്നൊക്കെയാണു പിന്നെ കേട്ടത്.കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ അഭിമാനമുണ്ട്...ഇന്നവന്‍  മ്യൂസിക്കിന്റെ ലോകത്താണ്...ഭൂഗോളത്തിന്റെ സ്പന്ദനം മ്യൂസിക്കിലാണെന്നു ചിലപ്പോള്‍ അവന്‍ അറിഞ്ഞിട്ടുണ്ടാവണം..അവനില്‍ നിന്നു ഞങ്ങള്‍ക്കും എല്ലാവര്‍ക്കും പഠിക്കാനൊരു പാഠമുണ്ടായിരുന്നൂ...എല്ലാം അറിയാമെന്നു കരുതിയിരുന്നു ഒന്നും അറിയാതെയാവുന്നതിനേക്കാള്‍ നല്ലത് സംശയനിവാരണമണെന്നും സംശയവും ചോദ്യവുമൊക്കെ ചൊദിക്കുന്നവനെ എവിടെയെങ്കിലുമൊക്കെയെത്തൂ എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞൂ.സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുണ്ട് "എന്തെങ്കിലും പറയുന്നവനല്ല ഒന്നും പറയാത്തവനാണു വിഡ്ഡീയെന്ന്" ...എത്രയെത്രയോ ഓര്‍മകളുണ്ട് പരിമിതികളും പെര്‍മിഷനുകളും അതിനാവശ്യമാണു ആരും ഇന്നു കുട്ടികളല്ലല്ലോ...ഒരു പുതിയ തലമുറക്കു മാര്‍ഗദര്‍ശനം നല്കേണ്ട മാതാപിതാക്കളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവരാണല്ലൊ നാമെല്ലാവരും ,നമ്മുടെ കുട്ടികള്‍ എത്ര വേണേലും സംശയങ്ങള്‍ ചോദിക്കട്ടെ അതിനൊക്കെ ഉത്തരം  നല്കാന്‍ നമുക്കും കഴിയട്ടെ...നമ്മുക്ക് ലഭിച്ചതിനേക്കാല്‍ എന്നും ഓര്‍ത്തു വെക്കാനുള്ള നല്ലൊരു വിദ്യാലയജീവിതവും ജീവിതവും അവര്‍ക്കുമുണ്ടാവട്ടെ...


പിന്നെയെത്ര എത്ര സൌഹ്രുദങ്ങള്‍ എത്രയെത്ര ആഘോഷങ്ങള്‍ എത്രയെത്ര അംഗീകാരങ്ങള്‍ എന്തു നല്ല ശിക്ഷണങ്ങള്‍ എത്രയെത്ര ശിക്ഷകള്‍  കളികള്‍ ചിരികള്‍ തമാശകള്‍ വേര്‍പാടുകള്‍ വഴക്കുകള്‍ മത്സരങ്ങള്‍ മതിലുചാട്ടങ്ങള്‍ ക്ലാസ്കട്ടിംഗുകള്‍ പങ്കിട്ട ടിഫിന്‍ഫുഡ്ഡുകള്‍ വിളിക്കാതെ പോയി കഴിച്ച വിവാഹസദ്യകള്‍ പിന്നെയെത്രയെത്ര പ്രണയങ്ങള്‍ ഏകദിശ പ്രണയം,ദ്വദിശ പ്രണയം,മൌന പ്രണയം,കണ്ണുകള്‍ കൊണ്ടു കഥകള്‍ പറഞ്ഞ അങ്ങുമിങ്ങും ഒരു സന്ദേശവും കൈമാറാതെ പോയ പ്രണയങ്ങള്‍ മോതിര മാറ്റങ്ങള്‍ സമ്മാന വിതരണങ്ങള്‍ മധുര വിതരണങ്ങള്‍ അങ്ങനെയങ്ങനെയെന്തെല്ലാം...ആരൊക്കെ യോജിച്ചു ആവോ...ഇപ്പോള്‍ എല്ലാം ഓര്‍ത്തോര്‍ത്തു ചിരിക്കുന്നുണ്ടാവുമവര്‍,ആരുടെയും പേരു പറഞ്ഞ് ഒരു കുടുംബകലഹമാഗ്രഹിക്കുന്നില്ലാ... ലോകാസമസ്താ സുഖിനോ ഭവന്തൂ...

അത് പോലെ ഒന്നിലും ഭാഗവാക്കാകാതെ ഇട്ടുവന്ന യൂണിഫോമില്‍ അല്പം പോലും ചെളിപറ്റിക്കാതെ വന്ന പോലെ വീട്ടിലേക്കു മടങ്ങിയ ഇസ്തിരികുട്ടന്മാര്‍,എല്ലാത്തിനും മൂകസാക്ഷിയായവര്‍...ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു ബാല്ല്യമെന്നും സ്കൂള്‍ കാലമെന്നും ഇന്നു മനസ്സിലാക്കുമ്പോള്‍ ആ ഒരു വിരഹം വന്നു തലോടുമ്പോള്‍ കഴിഞ്ഞു പോയ സ്കൂള്‍ ജീവിതം വേണ്ട വിധം ഇനിയും അടിച്ചു പൊളിച്ചില്ലല്ലോ ആസ്വദിച്ചില്ലല്ലോ എന്നൊരു വിഷമമുണ്ടാവണം  ചിലര്‍ക്കെങ്കിലും.തിരികെ വരാത്ത ബാല്ല്യം ഇനി നമ്മുടെ മക്കളെ ആസ്വദിപ്പിക്കുകയല്ലാതെ അതു കണ്ടാസ്വദിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ...നാമാര്‍ക്കും നല്ല ഓര്‍മകള്‍ നല്കിയില്ലെങ്കിലും നമുക്കെല്ലാം നല്ല ഓര്‍മകള്‍ നല്കിയവരെ നമുക്കെങ്ങിനെ മറക്കാന്‍ കഴിയും?


ഈ ഓര്‍മകുറിപ്പ് പൂര്‍ണമാവണമെങ്കില്‍ ചിലരെ കൂടി സ്മരിച്ചേ പറ്റൂ....
നമ്മുടെ സ്നാക്ക് ബോക്സും ലന്ച് ബോക്സും വാട്ടര്‍ ബോട്ടിലും നിറച്ചു ടൈംടെബിള്‍ നോക്കി പുസ്തകങ്ങളും ബാഗില്‍ മനോഹരമായി ഒതുക്കിയ, അലക്കി തേച്ച യൂണീഫോമിലും നമ്മെ സ്കൂളിലേക്കൊരുക്കിയ വണ്ടിയില്‍ കയറും വരെ പിറകില്‍ പ്രാര്‍ഥനയായി നിന്ന നമ്മുടെ മാതാപിതാക്കള്‍...
വീട്ടില്‍ നിന്നു വണ്ടി കയറ്റി വിടുമ്പോള്‍ നമ്മെ സ്കൂളിലേക്കും സ്കൂളില്‍ നിന്നും വീട്ടിലേക്കും സുരക്ഷിതമായെത്തിച്ചിരുന്ന ഹുസ്സന്‍ക്ക് അഷ്റഫ്ക്ക് സൈനുക്ക ഹസ്സന്‍ക്ക മനാഫ്ക്ക സമദ്ക്ക ഷുകൂര്‍ക്ക ഫൈസല്‍ക്ക ജലീല്ക്ക സുലുക്ക പിന്നെ നമ്മളെ വിട്ടു പിരിഞ്ഞു പോയ മൊയ്തീന്‍ക്ക..ഒരു വെള്ളിയാഴ്ച്ച ദിനത്തില്‍ ഞങ്ങളെയെല്ലാവരെയും കൊണ്ടു പോയ മഞ്ഞ വണ്ടി കമഴ്ത്തിയിട്ട ക്ളര്‍ക്കു കൂടിയായിരുന്ന ഷറഫുക്ക...മറ്റൊരു ക്ളര്‍ക്ക് ഫൈസല്‍ക്ക...ക്ലാസില്‍ കയറാനും വീട്ടില്‍ പറഞ്ഞയക്കാനുമെല്ലാം ക്രിത്യനിഷ്ടയോടെ മണിമുഴക്കിയ ഉച്ചക്ക് സ്കൂള്‍ വിടുമെന്നോ നാളെ സ്കൂളില്ലയെന്നോ പറഞ്ഞു മെമ്മോയുമായി വരുമെന്നു നാം പ്രതീക്ഷിക്കാറുള്ള നമ്മുടെ പ്യൂണുമാര്‍...അതു പോലെ ശുദ്ധതയുടെയും ഒരു കൈസഹായത്തിന്റെയും അന്തരീക്ഷമൊരുക്കിയ നമ്മുടെ ആയമാര്‍....ഗെയ്റ്റിനരികില്‍ സംരക്ഷണം തീര്‍ത്ത സെക്യൂരിറ്റിക്കാര്‍...വിദ്യാഭ്യാസം തേടിയെത്തി വണ്ടിയിറങ്ങി നടക്കുമ്പോള്‍ നമുക്ക് നല്ലൊരാതിഥേയത്വം നല്കിയ ആലാട്ടുകാര്‍ അവിടത്തെ കച്ചവടക്കാര്‍ അവിടുത്തെ മറ്റു സ്കൂളുകളില്‍ പഠിക്കുകയും നമ്മോടൊത്തു മത്സരിക്കുകയും ചെയ്തിരുന്ന ആ നാട്ടിലെ സുഹ്രുത്തുക്കള്‍...അതിലൊക്കെയുപരി
ചെറുക്ലാസ് മുതലെ ഒന്നിച്ചു പഠിച്ചു നമ്മളോളം വളര്‍ന്ന് നമ്മോടൊത്തു കളിച്ചു നല്ലൊരു കൂട്ടുകാരനും നല്ലൊരു നാട്ടുകാരനും നല്ലൊരു ബൌളറുമൊക്കെയായിരുന്ന ഷഫീറലിയെയും അതു പോലെ കുഞ്ഞനുജന്‍ ഷബീറിനെയും പറക്കമെത്തും മുമ്പെ ചിറകെരിഞ്ഞു വീഴേണ്ടിവന്ന എന്റെ എല്ലാവരെയും ഞാന്‍ എന്നും സ്മരിക്കുന്നൂ.

എന്റെയോരോ സുഹ്രുത്തുക്കള്‍ക്കുമുണ്ടാവും സന്തോഷവും സങ്കടവും നല്കിയ ഓരോ അനുഭവങ്ങള്‍,ജീവിതത്തിലേറെ സ്വാധീനം ചെലുത്തിയവര്‍,ഞാനെന്തെങ്കിലും ആരെങ്കിലെയും ഈ ഓര്‍മകുറിപ്പില്‍ മറക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ എന്നു കൂടി അപേക്ഷിക്കുന്നൂ...
ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂളാണിതെന്നും ഞങ്ങളുടെ അദ്ധ്യാപകരും സുഹ്രുത്തുക്കളുമാണിവരെന്ന് സ്നേഹത്തോടെ നമ്മുടെയൊക്കെ മക്കള്‍ നോക്കി നില്ക്കെ അഭിമാനത്തോടെ പറയാനും ഒരു പാടു തവണ ആ വിദ്യാലയമുറ്റത്തു വെച്ചു ഓര്‍മ്മകള്‍ പുതുക്കാനും ദൈവം എല്ലാവര്‍ക്കും ദീര്‍ഗായുസ്സ് തരട്ടെ എന്നു പ്രാര്‍ഥിക്കുന്നു....

                                                                                                                                                                                                                                                                 Write for Aamic 2018 magazine "Ithalukal"
                                                                                                   ഷരീഫ് അകലാട്
                                                                                                   9846380271
                                                                                                   shareef.shameer@gmail.com
                                                                                                   http://shareefakalad.blogspot.in







0 comments:

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos