Tuesday, December 14, 2010

മഴതുള്ളികളിറ്റുമ്പോള്‍







മഴതുള്ളികളിറ്റുമ്പോള്‍
ഓര്‍ക്കുന്നൂ എന്‍ ബാല്യം
ആ തുള്ളികളൊന്നായ്
ഒഴുകുമ്പോള്‍
കളിതോണിയൊഴുയുക്കിയ കാലം

പുള്ളിക്കുട ചൂടീട്ട്
പള്ളിക്കൂടം പുല്കിയതും
ചാറിചാറി പെയ്യും മഴയില്‍
ചാടികളിച്ചൊരു നേരം
ഗുരുചൂരലുമായ്
ചാരെയെത്തിയ കാലം

ഒഴുകുന്ന വെള്ളത്തില്‍
പായുന്നൊരു ചെറുമീനെ
കൈകുമ്പിളിലാക്കീട്ട്
കുപ്പിയിലാക്കി കളിച്ചു

മനസില്‍ ഒരു നൊമ്പരമായ്
ആ കാലം ബാല്യകാലം
തിരികെ വരുമോ ആ കാലം

Wednesday, November 3, 2010

എന്റെ കേരളം

Posted by Your Shameer Their Shareef 8:10 AM, under ,,, | 1 comment

പച്ച പട്ടണിഞ്ഞും
കറുത്തപൊന്‍ ചാര്‍ത്തിയും
സുഗന്ദദ്രവ്യം പൂശിയും
ഒരുങ്ങി നില്കുന്നുവെന്നും
കേരളമെന്നസുന്ദരി

കാവലായ് മലകളും
മുത്തമിട്ടുപോവും തിരമാലകളും
വറ്റാത്തൊരുറവയായ് അരുവികളും
ആനന്ദാശ്രു പൊഴിക്കുമീ മഴയും
കാക്കുന്നുവെന്നുമീ നാടിന്‍ യവ്വനം

മിനാരങ്ങളില്‍ ബാങ്കൊലികളും
അമ്പലങ്ങളില്‍ സ്തുതിഗീതങ്ങളും
ചര്‍ച്ചുകളില്‍ മണിനാദങ്ങളും
എന്നും തേടുന്നൊരീ നാട്
ദൈവത്തിന്‍ സ്വന്തമായിരിക്കാന്‍

നാരികള്‍ കൈകൊട്ടി പാടുമീ ഒപ്പനയും
ചലനങ്ങളില്‍ ഒരുമയുള്ള തിരുവാതിരയും
കൈകോലുകളാല്‍ വിസ്മയിപ്പിക്കും ശിങ്കാരിമേളങ്ങളും
ആഡ്യത്തോടെയാടുമീ കഥകളിയും
വിളിച്ചോതുന്നുവീ നാടിന്‍ കലാപാരമ്പര്യം

മുസല്‍മാന്റെ ഈദും ഹിന്ദുവിന്റെ വിഷുവും
ക്രിസ്ത്യന്റെ ക്രിസ്മസും മതേതരത്വമോതുമ്പോള്‍
നേര്‍ച്ചയും പൂരവും പെരുന്നാളും ആഘോഷമാക്കുമ്പോള്‍
മലയാളനാടിനാകെ പൂക്കാലമൊരുക്കുന്നു
ഒരുമയുടെ ഓണം

പാരിലൊരൂരുണ്ടെങ്കിലവിടെയൊരു മലബാരിയുണ്ട്
അമ്മനാടിനെ കുറിച്ചവര്‍ വാതോരാതെ പറയുന്നുമുണ്ട്
അങ്ങുനിന്നുമൊരു മലയാള ഗാനം കേള്‍ക്കുന്നുമുണ്ട്
"സഹ്യസാനുശ്രുതിമീട്ടിവെച്ച മണിവീണയാണെന്റെ കേരളം"

Friday, September 17, 2010

ദേശാടത്തിനൊടുവില്‍

സുഖദുഖസമിശ്രമാല്‍ സ്വയം ജ്വലിക്കുന്നു ഞാന്‍
ഒരു മിന്നാമിന്നിയെ പോലെ
കൂട്ടിലിട്ട തത്തയെ പോലെ പിടയുന്നു ഞാന്‍
സ്വതന്ത്രത്തിനായ്
ആര്‍ക്കൊക്കെയോ വേണ്ടി കല്ലെടുക്കുന്നു ഞാന്‍
ഒരു തുമ്പിയെ പോലെ
ഒരു മാടപ്രാവിനെ പോലെ ചില്ല തേടുന്നു ഞാന്‍
ഒരു കൂടു മെനയാന്‍
പറന്നു പറന്നു മനസ്സാ കേഴുന്നു ഞാന്‍
ഒരു വേഴാമ്പലിനെ പോലെ
ദേശാടത്തിനൊടുവില്‍ ആരുടെയൊക്കെയോ കണ്ണില്‍
ഒരു എരിയാമ്പാറ്റയായ്
മനസ്സും ശരീരവും തളര്‍ന്നു ചിറകെരിഞ്ഞു വീഴുന്നു ഞാന്‍
ഒരിയ്യാമ്പാറ്റയെ പോല്‍ .

Sunday, September 12, 2010

റംസാന്‍ വിടപറയുംബോള്‍

റംസാനിന്റെ വിട പറഞ്ഞ ദിനരാത്രങ്ങളില്‍ നന്മയുടെ വിളനിലത്തു വിശുദ്ധിയുടെ വിത്തുപാകി കര്‍മങ്ങള്‍ കൊന്ടൊരു പൂചെടികല്‍ നട്ടു നാം.പുണ്യങ്ങള്‍ കൊന്ടൊരു പൂക്കാലം സ്രിശ്ടിച്ചു നാം.അതിനനുയോജ്യമായ ഫലങ്ങള്‍ പരലോകത്തു വെച്ചു അല്ലാഹു നല്കട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം.ആധുനിക കാലഘട്ടത്തില്‍ വഴിപിഴക്കാനുള്ള സാധ്യതകളുംസന്ദര്‍ഭങ്ങളും ഉണ്‍ടായിട്ടും വ്യതിചലിക്കാതെ ഒരു മാസക്കാലം നമ്മുക്കു ദൈവപ്രീതിയോടെ ജീവിതം നയിക്കാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും ഇനിയുമുള്ള ഒമ്പതു മാസത്തേക്കുള്ള ഊര്‍ജമാണു നാം നേടിയിരിക്കുന്നത്.മൂക്കുമുട്ടെ തിന്നാനുള്ള ഭക്ഷണം തൊട്ടു മുന്നിലുണ്ടായിട്ടും വിശപ്പും ദാഹവും സഹിച്ചു പ്രഭാതം മുതല്‍ പ്രദോക്ഷം വരെ തളര്‍ന്ന ശരീരവുമായി പ്രാര്‍ഥനകളില്‍ മുഴുകിയെങ്കില്‍ ഇനിയും അനാഥകളുടേയും മറ്റുള്ളവരുടേയും ഭക്ഷണത്തിലും സംബത്തിലും അക്രമവും അഴിമതിയും കാണിക്കാന്‍ നമ്മുക്ക് കഴിയില്ല,നേരെ മറിച്ചു പട്ടിണി കിടക്കുന്നവന്റെ വെദന അനുഭവിച്ചറിഞ്ഞു അവനെ കയ്യയിഞ്ഞു സഹയിക്കാനാണു റംസാന്‍ നമ്മുക്ക് നല്കിയ പാഠം.പ്രാര്‍ഥനകളും സഹായങ്ങളും ഇല്ലാത്ത നോംബു വെറും പട്ടിണി എന്നു പറയാവുന്നതാവില്ലെ ശരി.അസഭ്യവര്‍ഷങ്ങളും ക്രൂരപ്രവര്‍ത്തനങ്ങളും പ്രതീകരിക്കാതെ ഞാന്‍ നോംബുകാരനാണെന്നു പറഞ്ഞു ക്ഷമിച്ച നമ്മല്ക്കൊരിക്കലും മറ്റുള്ളവര്‍ക്കെതിരെ അക്രമകരമായ നിലപാടെടുക്കാന്‍ കഴിയില്ല,ക്ഷമ അവലംബിക്കാനും നിര്‍ധനരെ സഹായിക്കാനും സഹജീവികളോട്‌ സഹകരിക്കാനുമുള്ള സന്ദെശമാണു റംസാന്‍ നല്കിയത്,അതിനുള്ള ഊര്‍ജമാണു റംസാനില്‍ നാം ആര്ജിച്ചത്,ചെയ്തു പോയ തെറ്റുകള്‍ക്കു റംസാനില്‍ പാപമോചനം തേടി കഴിഞ്ഞു,അല്ലാഹു നമ്മുക്കു പാപങ്ങള്‍ പൊറുത്തുതരട്ടെ,റംസാനിലെ ഭക്തിസാന്ദ്രമായ ജീവിതത്തിനും പ്രവര്‍ത്തനത്തിനും അര്‍ഹമായ പ്രതിഫലം നല്കുമാറകട്ടെ.ഇനിയും റംസാനനുഭവിക്കാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നല്കട്ടെ,മുന്നോട്ടുള്ള ചുവടുകളില്‍ പാദമിടറാതെ ലക്ഷ്യം പിഴക്കാതെ അല്ലാഹു നേര്‍മാര്‍ഗം കാണിക്കട്ടെ,സ്വര്‍ഗത്തിലെത്താനുള്ള മാര്‍ഗം...

Tuesday, August 10, 2010

പുണ്യം കൊണ്ടു പൂവണിയാം


ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ രേഖപെടുത്താന്‍ വീണ്ടുമൊരു റംസാന്‍ വന്നണഞ്ഞിരിക്കുന്നു.ഈ വേളയില്‍ പുണ്യങ്ങല്‍ കൊണ്ട് പൂവണിയാന്‍ നമുക്ക് വീണ്ടും ആ ഭാഗ്യം കൈവന്നിരിക്കുന്നു. ഈ പവിത്രമാസത്തെ സ്വാഗതം ചെയ്യാം."മര്‍ഹബന്‍ യാ ഷഹറു റംസാന്‍
സത്യവിശ്വാസികളുടെ ഓഫര്‍ സീസനാണു റംസാന്‍.ഈ മാസം അള്ളാഹു സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറന്നിടുകയും നരകത്തിന്റെ കവാടങ്ങള്‍ അടച്ചിടുകയും ചെയ്യുന്നു.പിശാചിനെ ചങ്ങലയില്‍ ബന്ദിച്ചിരിക്കുന്നു.തന്റെ ദാസന്റെ പ്രാര്‍ഥനക്കുത്തരം കൊടുക്കാന്‍ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകരക്ഷയുടെയും തണലിട്ടു തരുന്നു ഈ മാസം .ഒരു നന്മ ചെയ്താല്‍ അതിനു എഴുപതിരട്ടി പ്രതിഫലം അവന്‍ നല്കുന്നു കൂടാതെ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ക്ക് എഴുപതിനായിരം ഇരട്ടി പ്രതിഫലം നല്കുന്നു.
അതു കൊണ്ടു തന്നെ ആബാലവ്രിദ്ധം ജനങ്ങള്‍ക്കും അച്ചടക്കത്തിന്റെ ആഘോഷങ്ങളാണു റംസാനിന്റെ ഓരോ ദിനരാത്രങ്ങളും,പിന്ചു മക്കള്‍ ഇസ്ലാമിന്റെ ഭക്തി സാന്ദ്രതയിലേക്ക് പിച്ചവെക്കുന്ന മാസം കൂടിയാണു റംസാന്‍.വഴിപിഴച്ച ജീവിതം കാഴ്ച്ചവെച്ചവര്‍ നന്നാവണം എന്നാഗ്രഹിക്കുന്ന മാസം കൂടിയാണു റംസാന്.റംസാന്‍ ലഭിച്ചിട്ടും നന്നാവാത്തവനെ അള്ളാഹു ശപിക്കട്ടെ എന്ന ജിബ്രീലിന്റെ പ്രാര്‍ഥനക്കു മുഹമ്മദ് നബി{സ} ഒരിക്കല്‍ ആമീന്‍ പറഞ്ഞിട്ടുണ്ട് .അതു കൊണ്ടു തന്നെ നന്നാവാന്‍ ഇനിയൊരു മാസത്തെയോ ദിവസത്തെയോ നിമിഷത്തേയോ നാം കാക്കേണ്ടതില്ല.ആ മാസമാണു നമുക്കു മുന്നില്‍ ആഗതമായിരിക്കുന്നത്.

മരണത്തിലേക്കുള്ള തിരക്കു പിടിച്ച യാത്രയിലാണു നാമെല്ലാവരും.ഇഹലോകത്തെ നമ്മുടെ ജീവിതത്തിനു കോപ്പു കൂട്ടാന്‍ മാത്രമായിരിക്കുന്നു തിരക്കു പിടിച്ച നമ്മുടെ ജീവിതം സ്വപ്നങ്ങള്‍ സ്വന്തമാക്കാനുള്ള ധ്രിതി പിടിച്ച സന്ചാരത്തില്‍ സ്വര്‍ഗമെന്ന ലക്ഷ്യവും മരണമെന്ന യാഥാര്‍ത്യവും നാം വിസ്മരിച്ചു പോകുന്നു. മരണത്തിനു പ്രായഭേദങ്ങളില്ല അതെന്നും നമ്മെ പിടികൂടാം.ഇന്നലെയും ഇന്നും വരെ മരണം നമ്മോടൊപ്പമുണ്ടായിരുന്ന പലരെയും കൊണ്ടു പോയി.കഴിഞ്ഞ റംസാനുകളില്‍ നമ്മോടൊപ്പം നോമ്പു നോറ്റവരും നോമ്പു തുറന്നവരും നമ്മോടൊപ്പം തറാവീഹു നിസ്കരിച്ചവരും വിഭവസമ്രിദമായ ഭക്ഷണമൊരുക്കി നമ്മെ നോമ്പു തുറപ്പിച്ചവരും എല്ലാം മരണത്തിന്റെ കരാളഹസ്തത്തിലേക്കൊതുങ്ങി.അവരറിഞ്ഞിരുന്നുവോ അതവരുടെ അവസാനത്തെ റംസാനാണെന്നു?നമ്മളെ പുള്‍കിയ ഈ റംസാനിനെ അവരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെ?അതു കൊണ്ടു തന്നെ ഓരോ റംസാനും നമ്മുടെ ഓരോ നിമിഷങ്ങളും നമ്മുടെ അവസാനത്തേതാണെന്നു നാം കരുതേണ്ടിയിരിക്കുന്നു.കരുതലോടെ നമ്മുടെ ജീവിതത്തില്‍ സത്കര്‍മങ്ങള്‍ അധികരിപ്പിക്കേണ്ടീയിരിക്കുന്നു.അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും നാം പാപമോചനം തേടേണ്ടിയിരിക്കുന്നു മുന്നോട്ടുള്ള ജീവിത്ത്തില്‍ അള്ളഹുവിന്റെ കാരുണ്യത്തിനു വേണ്ടീ നാം പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു.നരകത്തെ തൊട്ടു കാത്തു രക്ഷിക്കണമെന്നും സ്വര്‍ഗത്തിന്റെ അവകാശികളില്‍ നമ്മെ ഉള്‍പെടുത്തണമേ എന്നും നമുക്കു പ്രാര്‍ഥിക്കാം.ഏവര്‍ക്കും ഭക്തിസാന്ദ്രമായ ഒരു റംസാന്‍ ആശംസിക്കുന്നു.

Sunday, August 1, 2010

My Sixth Scense

Posted by Your Shameer Their Shareef 5:04 AM, under ,,, | No comments


I Love like a Brother than.....
He was my Best Friend
He lead me like a captain
That wisdom guide me to all...
He work without the five sense of mine.
But still he alone me....
I lose not only him,
I think,is he my extraorgan?
If i miss the organ
Again i think,he was my losed sixth scense.

Wednesday, May 26, 2010

വേര്‍പാട്

Posted by Your Shameer Their Shareef 6:48 AM, under ,,, | No comments

വേര്‍പാട് അനുഗ്രഹമാണ്
വേര്‍പെട്ടവര്‍ക്കും വേര്‍പെടാനാഗ്രഹിച്ചവര്‍ക്കും
വേദനയുടെ കൂരമ്പുകളിനിയേല്‍ക്കേണ്ടല്ലോ
വേണ്ടപെട്ടവരെയോര്‍ത്തിനി വേദനിക്കണ്ടല്ലോ
ഇനിയാരുടെ മുന്നിലും കൈ നീട്ടണ്ടല്ലോ
ഇനിയാരുടെ കാലും പിടിക്കേണ്ടല്ലോ
താനോളം വളര്‍ന്നു തന്റെ മക്കളെന്നാശ്വസിക്കമല്ലോ
ഉമ്മറത്തെ ചാരുകസേരയിലിനി അവനിരിക്കട്ടെ
മണ്ടകത്തെ കട്ടിലില്‍ ഇനി അവളുറങ്ങട്ടെ
മുത്തശ്ശികഥകളിനി അവര്‍ പറയട്ടെ
എന്റെ മണ്ണും മനവും അവര്‍ പങ്കുവെക്കട്ടെ
ആറടിമണ്ണിലേക്കു ഞാനു നീങ്ങട്ടെ
"വേര്‍പാടെന്നും വേദനയാണു
വേര്‍പാടില്‍ ഒറ്റപ്പെട്ടവര്‍ക്ക്"


Tuesday, May 25, 2010

മരണം

Posted by Your Shameer Their Shareef 4:56 AM, under ,,, | No comments

ഒരു നാള്‍ ഇനിയും വരും ആ അതിഥി
പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ
സമ്മതം ചോദിക്കാതെ വരുമവന്‍.
അവനെ വരവേല്‍ക്കാന്‍ നാം
തയ്യാറെടുത്താലുമില്ലെങ്കിലും.
എത്രയോ തവണ അരികത്തും
അയലത്തും അകലത്തും വന്നിട്ടുണ്ടവന്‍.
അവന്‍ വന്നുപോയപ്പോഴൊക്കെ
നാം കരഞ്ഞിട്ടേയുള്ളൂ
അവനെയോര്‍ത്തല്ല,അവന്‍ കൂടെ കൂട്ടിയ
മാതാവിനെയോര്‍ത്ത്,പിതാവിനെയോര്‍ത്ത്
കൂടപ്പിറപ്പിനെയോര്‍ത്ത് കൂട്ടുകാരനെയോര്‍ത്ത്
പൊട്ടിക്കരഞ്ഞു നാം .
ഇനിയും വരുമവന്‍ ഒരാഘാതമായ്
ദുരന്തമായ് ക്ഷോഭമായ് രോഗമായ്.
എവിടെയൊളിച്ചാലും തേടിയെത്തുമവന്‍
നമ്മെ കൊണ്ടു പോവാന്‍ .
നാം അവനെ വരവേല്‍ക്കാന്‍
തയ്യാറെടുത്താലുമില്ലെങ്കിലും.......

Friday, May 21, 2010

ഇങ്ങനെ ചില മനുഷ്യര്‍

അവര്‍ എന്നെ പോറ്റിയിട്ടില്ല
എങ്കിലും എന്‍ പിതാവിന്‍ തുല്ല്യമായിരുന്നെനിക്ക്
എന്‍ കരവും ആ കരങ്ങളും തമ്മില്‍ സ്പര്‍ശിക്കാറുണ്ട്
അവരെന്റെ സുഹ്രുത്തായിരുന്നില്ല
സമ്പത്തിനാലവരെന്നെ സഹായിച്ചിട്ടില്ല
തൊഴില്‍ രഹിതരായിരുന്നവര്‍
തൊഴിലിനായ് അവര്‍ക്ക് ശക്തിയില്ലായിരുന്നു
വാര്‍ദ്ധക്യത്തിന്‍ മുനമ്പിലായിരുന്നവര്‍
അവരുടെ മിഴികളിലും മൊഴികളിലും
പരിഭവത്തിലും പരാതിയിലും
എന്‍ കരങ്ങളിലൂടെ ഏതോ ഒരു ജന്മാന്തരസ്നേഹം
എന്നിലലിഞ്ഞിരുന്നു
അവര്‍ക്കായ് സ്വര്‍ഗകവാടങ്ങള്‍ തുറക്കട്ടെ
പൂങ്കാവനങ്ങള്‍ വിരിയട്ടെ
പാല്‍പുഴകളും തേനാറുകളും അവര്‍ക്കായ് ഒഴുകട്ടെ
അവരുടെ യാത്ര സുഖകരമാവട്ടെ
യാത്രാമൊഴി സുന്ദരമാവട്ടെ.....
ഇങ്ങനെ മനുഷ്യര്‍ ഇനിയും പിറക്കട്ടെ



15/12/2002

Friday, May 14, 2010

പിതാവ്

Posted by Your Shameer Their Shareef 11:08 AM, under ,,, | No comments

ഗേഹത്തിന്റെ നടുതൂണാണ്
ആശകളുടെ സഫലീകരികരണമാണ്
മാതാവിന്‍ മിഴിനീരൊപ്പും തൂവാലയാണ്
ഉപദേശം ശകാരതുല്ല്യമായേക്കാം
ജീവിതത്തിന്റെ മാര്‍ഗദര്‍ശിയാണ്
ദുഖങ്ങളുടെ പരിഹാരമാണ്
ദര്‍ശിക്കാവുന്ന ഈശ്വരനാണ്
ആര്‍ഭാടങ്ങളില്‍ തടസ്സമായേക്കാം
വഴിതെറ്റാതിരിക്കാനുള്ള ഉപായമാണത്
യുവത്ത്വത്തില്‍ തടസ്സമായിരുന്നത്
വാര്‍ദ്ധക്യത്തില്‍ ശരിയെന്നുവെക്കും നാം
വീട്ടില്‍ കാര്യത്തില്‍ പലത് അരുത് ചൊല്ലും
വിരഹത്തിന്‍ വേദന മനസ്സിനെയലട്ടും
വീട്ടില്‍ ആശ്രയമാണെന്നും ബഹുവന്ദ്യപിതാവ്.

Monday, May 10, 2010

രക്തസാക്ഷി

Posted by Your Shameer Their Shareef 2:28 AM, under ,,, | No comments

രക്തസാക്ഷി
രക്തത്തിനു സാക്ഷിയായത്
ജീവിതം മടുത്തതു കൊണ്ടല്ല
പച്ചപ്പട്ടും ചെമ്പട്ടും ത്രിവര്‍ണ്ണവും
പുതച്ചു സുഖനിദ്രകൊള്ളാനല്ല
ബലികുടീരങ്ങള്‍ കെട്ടിപ്പൊക്കാനല്ല
പൂവിട്ടു പൂജിക്കാനല്ല
പാട്ടപ്പിരിവും പെട്ടിപ്പിരിവും നടത്താനല്ല
തന്റെ പേരിലൊരു ബന്ദും ജിന്ദും ആചരിക്കാനല്ല
പുകഴ്ത്തി പാടുന്ന പാണന്റെ പാട്ടുകേള്‍ക്കാനല്ല
കീര്‍ത്തിചക്രങ്ങള്‍ നേടാനല്ല
നിലനില്പിനു വേണ്ടിയാണവന്‍ പോരാടിയത്
ബന്ധങ്ങള്‍ക്കു വേണ്ടിയാണവന്റെ രക്തം ചിന്തിയത്
വെള്ളക്കാരന്റെ കള്ളകളികള്‍ക്കറുതി വരുത്താന്‍
പ്രക്രിതിസമ്പത്തു കവര്‍ന്നെടുക്കാതിരിക്കാന്‍
അശരണര്‍ക്ക് അവകാശങ്ങള്‍ നേടികൊടുക്കാന്‍
അടിമക്കുടമയില്‍ നിന്നു മോചനം നല്കാന്‍
മുതലാളി തൊഴിലാളിയെ പരിഗണിക്കാന്‍
വിദ്യാഭ്യാസം കച്ചവടവത്കരിക്കാതിരിക്കാന്‍
കൂടപ്പിറപ്പുകളുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍
മതസൌഹാര്‍ദത്തിനു ഭംഗം വരാതിരിക്കാന്‍
രാഷ്ട്രത്തിന്റെ അഘണ്ടതക്കു കത്തിവെക്കാതിരിക്കാന്‍
പിറന്ന മണ്ണില്‍ ആത്മവിശ്വാസത്തോടെ ജീവിക്കാനാണ്
സ്വന്തം മനസാക്ഷിയോടും ദൈവത്തോടും നീതി പുലര്‍ത്താനാണ്
ധീരന്‍മാര്‍ രക്തം കൊണ്ട് സാക്ഷ്യം വഹിച്ചത്

ഷരീഫ്.കെ.എം അകലാട്
http://shareefakalad.blogspot.in
shareef.shameer@gmail.com

Sunday, May 9, 2010

ഉമ്മയുടെ മിസ്സ്കാള്‍


വിളിക്കാനൊന്നു വൈകിയാല്‍
എന്നെ തേടിയെത്തും
ഉമ്മയുടെ മിസ്കാള്‍
ഞാനങ്ങു വിളിക്കുമ്പോള്‍
തരംഗങ്ങളായെത്തും
സന്തോഷത്തിന്റെ സംഗീതം
സുഖക്ഷേമങ്ങളന്വേക്ഷിക്കും
സങ്കടങ്ങളില്‍ ആശ്വസിപ്പിക്കും
സല്‍കര്‍മ്മങ്ങള്‍ക്കായ് ഉപദേശിക്കും
സുഖത്തിനായ് പ്രാര്‍ത്ഥിക്കും
അകലത്താണെങ്കിലും
അരികത്തായിരുന്നു ഞാനുമെന്നുമ്മയും
കൂടെ കൂട്ടാറുള്ളയെന്നെ
പോലെ,
കരുതിയിരുന്നു
കയ്യിലെന്നുമെങ്ങുമൊരു മൊബൈല്‍ ഫോണ്‍
ഉമ്മക്കെന്നെയുംഎനിക്കുമ്മയെയും വിളിക്കാന്‍
നഷ്ടമായിന്നെനിക്കാ ഉമ്മയേയും
മകനേ എന്നാ വിളിയും
ഉമ്മയെന്റെ വിളികേള്‍ക്കാന്‍ കാത്തിരുന്നിരുന്നു
ഇനിയാരുണ്ടെന്നെ കാത്തിരിക്കാന്‍
ഇനിയാരുണ്ടെന്നെ ആശ്വസിപ്പിക്കാന്‍
ഇനിയാരുണ്ടെനിക്കു മാര്‍ഗദര്‍ശനം നല്കാന്‍
ഇനിയാരുണ്ടെനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍
ഉമ്മയില്ലാത്തൊരു ഉ
മ്മദിനമാണിന്ന്
ആരോടാശംസിക്കും ഞാനൊരു സന്തോഷമാത്രുദിനം
ആരോടൊത്താഘോഷിക്കും ഉമ്മയില്ലാതെ
ഞാന്‍
വരില്ലാന്നറിഞ്ഞിട്ടും ഞാനെന്നും പ്രതീക്ഷിക്കുന്നു
ഉമ്മയുടെ മിസ്കാള്‍

Wednesday, May 5, 2010

ഉന്നതങ്ങളില്‍

Posted by Your Shameer Their Shareef 3:38 AM, under ,,, | No comments


നിലം തൊടാതെ പറക്കുന്ന വിമാനത്തിലും അവന്നഹംഭാവമാണ്
അവന്റെ കണ്ണുകളില്‍ എയര്‍ഹോസ്റ്റസ്സിന്റെ മേനിയാണ്
അവന്റെ വായില്‍ അവള്‍ വിളമ്പിയ കള്ളിന്‍ കുപ്പിയാണ്
അവന്‍ മന്ത്രിക്കുന്നതത്രയും അശ്ലീലമാണ്
അവന്റെ ചിന്തകളത്രയും അത്യാഗ്രഹമാണ്
ആഴമുള്ള കടലും ഉയരമുള്ള മലകളും
ഒഴിവുള്ള മരുഭൂമിയും താണ്ടുന്നതവനറിയുന്നില്ല
എയര്‍ഗട്ടറില്‍ കുലുങ്ങുമ്പോഴും അവനൊരു കുലുക്കവുമില്ല
ചുഴലിയിലുലയുമ്പോഴും അവനൊന്നുമുലയുന്നില്ല
അവന്‍ നോക്കുന്നത് നാഗരികതയുടെ പ്രകാശത്തിലേക്കാണ്
അവന്‍ റൈറ്റ്സിന്റെ വാഹനത്തില്‍ പോകുമ്പോള്‍
ന്യൂട്ടന്റെ ഭൂഗുരുത്ത്വാകര്‍ഷണം മറന്നു പോകുന്നു
എത്രയോ ഉയരത്തിലെന്നവന്‍ അഹങ്കരിക്കുന്നു
അത്യുന്നതങ്ങളിലുള്ളവന്‍ ആരുടെയൊക്കൊയോ
പ്രാര്‍ത്ഥന സ്വീകരിക്കുന്നു,എന്നും ശുഭയാത്ര നേരുന്നു.

ഷരീഫ്.കെ.എം അകലാട്
shareef.shameer@gmail.com

Monday, May 3, 2010

പ്രവാസി

Posted by Your Shameer Their Shareef 12:23 AM, under ,,, | No comments

കടല്‍ കടന്നു പറന്നകന്നു പോയി
പൊന്നു കൊയ്യാമെന്ന മോഹമോടെ
കണ്ണെത്താദൂരത്ത് കനലെരിയും മണ്ണില്‍
സുന്ദരമേനി പണയം വെച്ച അദ്ധ്വാനം
സുഖനിദ്രപോലും നഷ്ടപെട്ട്
സ്വപ്നം കാണും മിഴിയില്‍ സ്വദേശം
സുഖദുഖസമിശ്രിത സംഗമങ്ങള്‍
പത്നിപുത്രമിത്രമാതാപിതാദികള്‍ ഹ്രിദയത്തില്‍
സ്വദേശത്തേക്കു പറക്കാന്‍ ഹ്രിദംഗം കൊതിക്കുന്നു
ബാധ്യതകള്‍ താനേ ലീവു നീട്ടുന്നു.

Thursday, April 29, 2010

നൊസ്റ്റാള്‍ജിയ:ചെറുകഥ

എന്റെ മകനെ ഉണര്‍ത്തി ഒരുക്കി സുന്ദരനാക്കി ഞാന്‍ പഠിച്ചിരുന്ന സ്കൂളിലേക്ക് കൊണ്ടാക്കിയപ്പോള്‍ ഞാനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,അണ്ണാറകണ്ണനെ കാണിച്ചു ഭക്ഷണം കൊടുത്തപ്പോഴും ഞനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,മാനത്തു കൂടി പറന്നു പോകുന്ന വിമാനത്തെ നോക്കി "ഉപ്പാ" എന്നെന്റെ മകന്‍ വിളിക്കാറുണ്ടെന്നു പറഞ്ഞപ്പോഴും ഞാനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,പറന്നു പോകുന്ന തുമ്പിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ അവള്‍ അതിനെ പിടിച്ചു നൂലില്‍ കെട്ടി കൊടുത്തു കല്ലെടുപ്പിച്ചപ്പോഴും ഞാനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,ഈ നൊസ്റ്റാള്‍ജിയകളൊക്കെ മനസ്സില്‍ ഒഴുകിവന്നപ്പോഴും വീടിന്റെ മൂലയില്‍ ശരണം പ്രാഭിച്ച മാതാപിതാക്കളെ ഓര്‍മ്മയില്‍ വന്നില്ല,സ്കൂളിലയക്കാന്‍ ഉണര്‍ത്തി ഒരുക്കിയ ഉമ്മയെ കൊണ്ടാക്കിയ ഉപ്പയെ,അണ്ണാറകണ്ണനെ കാണിച്ചു ഭക്ഷണം തന്ന ഉമ്മയെ,കളിപ്പാട്ടങ്ങളുമായി വിമാനത്തില്‍ വന്നിറങ്ങാറുള്ള ഉപ്പയെ,തുമ്പിയെ നൂലില്‍ കെട്ടി തന്ന ഉമ്മയെ, എന്നെ ഞാനാക്കി മാറ്റിയ മാതാപിതാക്കളെ ഒന്നും നൊസ്റ്റാള്‍ജിയയില്‍ എങ്ങും കണ്ടില്ല,കൂടെ ഞാനും നാളത്തെ വ്രിദ്ധനെന്ന ഫ്യൂച്ചറിനെയും ........

ഷരീഫ്.കെ.എം അകലാട്
http://shareefakalad.blogspot.in
shareef.shameer@gmail.com

Sunday, April 25, 2010

മെഗാസീരിയല്‍

തുറന്നു വെച്ച വിഡ്ഡിപ്പെട്ടിക്കു മുന്നില്‍
ആബാലവ്രിദ്ധം കണ്ണും നട്ടിരുന്നു?
വലിയുന്ന സീരിയലുകള്‍ ദര്‍ശിക്കാന്‍!
ദരിദ്രരെ,രോഗികളെ കണ്ടലിയാത്ത
സ്ത്രീഹ്രിദംഗം അഭിനയം കണ്ട് വിതുമ്പി!
നാളെ നീളകളായൊരു കാത്തിരിപ്പ്?
എപ്പിസോഡുകള്‍ നീണ്ടു നീണ്ടു പോയി,
ആയുസ് നാമറിയാതെ വേഗം സന്ചരിച്ചു.
'ജീവിതം നന്മയിലേക്കു കാല്‍വെക്കാന്‍
തുടങ്ങും മുമ്പെ നാം മണ്ണോടടുക്കും'
അനിയന്ത്രിതമാമൊരു വാഹനം പോലെ
അപ്പോഴും സീരിയലുകള്‍ നീണ്ടു പോകും.
സമയം അപഹരിച്ച്,നന്മയെ തട്ടിമാറ്റി
നിഷ്പ്രയാസം മാനവന്‍ വിഡ്ഡിപ്പെട്ടിക്കൊതുങ്ങി.


ഷരീഫ് കെ.എം അകലാട്
http://shareefakalad.blogspot.in
shareef.shameer@gmail.com

AUTOBIOGRAPHY

Posted by Your Shameer Their Shareef 11:50 AM, under ,,, | No comments









ഞാന്‍ ക്രിത്രിമമാമൊരു ഹ്രിദയമുണ്ടാക്കി .
തൂലികസ്പര്‍ശനത്താലതിനു തുടിപ്പേകി .
ആത്മമിത്രത്തെ പോലെ സ്നേഹിച്ചു ,
ഏകാന്തയില്‍ ഞാനതുമായി സല്ലപിച്ചു.
ഞാനെന്നെ,എന്റെമിത്രങ്ങളെ
എന്റെ ശത്രുക്കളെ,ബന്ധുക്കളെ
പിന്നിട്ട പാദകള്‍
വന്നുപോയ പിഴവുകള്‍
‍യാതനയാം ഓര്‍മ്മകള്‍
സന്തോഷമാം മുഹൂര്‍ത്തങ്ങള്‍
‍വെട്ടിപിടിച്ച പദവികള്‍
‍പാദമിടറിയ ചുവടുകള്‍
എന്റെ സുഖവും ദുഖവും
ലാഭവും നഷ്ടവും
സ്നേഹവും ദ്രോഹവും
വിദ്യയും ഉദ്യോഗവും
ഇനിയും താണ്ടേണ്ട പാതകള്‍,
സാക്ഷാത്കരിക്കേണ്ട പ്രണയം,
പൂവണിയേണ്ട മോഹങ്ങള്‍.
എല്ലാം,എല്ലാം ഞാനതിലേക്കു പകര്‍ത്തി,
എന്നെ ക്രിത്യമാമറിയുന്ന കണ്ണാടി പോലെ.
ആരോടും പറയരുതെന്നു ഞാന്‍ വിലക്കി,
ഞാന്‍ മരിച്ചാലും എന്‍ തുടിക്കുന്ന
ഹ്രിദയമാവണമെന്നവനോടരുളി.

പൊയ്മുഖം

Posted by Your Shameer Their Shareef 11:09 AM, under ,,, | No comments

അമേരിക്ക വാറ്റിയ തലച്ചോറ്
സാമ്രാജ്യത്വത്തിനു പണയം വെച്ച ബുദ്ധി
പിറകില്‍ റബ്ബറിന്റെ നട്ടെല്ല്
ചുണ്ടില്‍ സൂപ്പര്‍ഗ്ലുവിലൊട്ടിച്ച പുന്ചിരി
നിഷ്കളങ്കതയുടെ കഴുകകണ്ണുകള്‍
രക്തം മണക്കുന്ന നാസികകള്‍
മാന്യതാരേഖയോടുന്ന കറുത്തകൈകള്‍
പാദമിടറിയ ചുവടുകള്‍
റോബോട്ടിന്റെ മെയ്‌വഴക്കം
പ്രലോഭനങ്ങളില്‍ ചാന്‍ചാടുന്ന,സ്നേഹമന്യമായ
മിടിക്കാന്‍ മാത്രമൊരു ക്രിത്രിമ ഹ്രുദയം

ഷരീഫ്.കെ.എം അകലാട്
shareef.shameer@gmail.com

Monday, April 5, 2010

ഓര്‍മകളില്‍ ഒരുമ്മ...

Posted by Your Shameer Their Shareef 1:36 PM, under ,,, | No comments

മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില്ല.അകാലത്തില്‍ പൊഴിഞ്ഞുപോയി എന്നു നാം പറയാറുണ്ട് അതൊരു തെറ്റായ പ്രയോഗമാണ്.ആരാണു കാലം നിശ്ചയിക്കുന്നത്,ദൈവമല്ലെ.ഒരാള്‍ എത്ര കാലം ജീവിച്ചുവോ അതാണു അയാളുടെ കാലം .ദൈവത്തിനിഷ്ടമുള്ളവരെ ദൈവം പെട്ടെന്നു വിളിക്കുമെന്നു കേട്ടിട്ടുണ്ട്.ആ വിളി കേട്ടുപോയ ഞങ്ങളുടെ ഉമ്മയെ മരിച്ചെന്നു വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവില്ല,സ്നേഹനിര്‍ഭരമായ ഓര്‍മകളിലൂടെ തുല്ല്യതയില്ലാത്ത വ്യക്തിത്ത്വത്തിലൂടെ ഉമ്മ അഭിമാനമായി ഞങ്ങളുടെ മനസ്സിലും മിഴികളിലും മൊഴികളിലും എന്നുമുണ്ട്.ഉറക്കമിളച്ചിരുന്നു ഈ ധ്വനിക്കു തരംഗങ്ങള്‍ സ്രിഷ്ഠിക്കുമ്പോള്‍ എന്തു ചെയ്യുന്നെന്നും ഇതൊക്കെ ആരെഴുതിയതാണെന്നും ഓരോ വിഷയങ്ങളും വായിച്ചു എല്ലാത്തിനും പ്രോത്സാഹനവും പ്രചോദനവും നല്കിയ എന്നുമ്മയെ കുറിച്ചെഴുതിയില്ലെങ്കില്‍ ഈ ധ്വനിയെങ്ങനെ പൂര്‍ണ്ണതയുള്ളതാകും.ഇതു എഴുതാന്‍ വേണ്ടി എഴുതിയതല്ല,എഴുതിപോയതാണ്.മനസ്സിലെ നിറമുള്ള ഓര്‍മകള്‍ നിറഞ്ഞു കവിയുമ്പോള്‍ അതെവിടെയെങ്കിലും ഒരു നിശ്ചിതസ്ഥാനത്തു സമര്‍പ്പിക്കണമെന്നു തോന്നി.ഇതെന്റെ ഉമ്മയുടെ ജീവിതയാത്രയിലെ സഹയാത്രികര്‍ക്കും അടുത്തറിഞ്ഞവര്‍ക്കും അടുത്തറിയാത്തവര്‍ക്കും മാത്രുകാപരമായ ഈ മാത്രുത്ത്വത്തെ ഞാന്‍ ചുരുങ്ങിയ വാക്കുകളിലൂടെ സമര്‍പ്പിക്കുന്നു.

ആ ജീവിതത്തെ വര്‍ണ്ണിക്കാന്‍ എന്റെ അക്ഷരങ്ങള്‍ അശക്തമാണ്,എങ്കിലും ഒരു എളിയ ശ്രമം.ഉമ്മയുടെ ഇടപെടലുകളില്‍ വേദനിച്ചവരുണ്ടാവാന്‍ സാധ്യതയില്ല,എന്നാല്‍ ഉമ്മയേയും ഞങ്ങള്‍ മക്കളെയും ഒളിഞ്ഞും തെളിഞ്ഞും വേദനിപ്പിച്ചവര്‍ ഏറെയാണ്,പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന നൂറുകൂട്ടം പണികളിലും ഞങ്ങളുടെ സ്നേഹസംഗമങ്ങളിലും മുഴുകുമ്പോള്‍ വേദനിക്കാവുന്ന കൂരമ്പുകളൊക്കെ ഞങ്ങളേറ്റെടുത്തത് ഒരു പുഷ്പമഴയുടെ ലാഘവത്തോടെയായിരുന്നു.അവരെ നോക്കി "അറിവില്ലാതെ പോയല്ലോ,ഞങ്ങളോട് തന്നെ വേണോ ഇത്"എന്നു സഹതപിക്കുക മാത്രമാണു ഉമ്മ എന്നും ചെയ്തത്.ഉമ്മ പോലും പ്രതികരിക്കാത്ത അവരെ ഇവിടെ എഴുതിനിരത്തിയാല്‍ ഉമ്മയുടെ മാന്യതയോട് ഞാന്‍ ചെയ്യുന്ന ചതിയായിരിക്കും അത്.അതു കൊണ്ട് അവരെ ഞാനും ഇവിടെ വെറുതെ വിടുന്നു.ചെയ്തവര്‍ക്കു ഊഹിക്കാം ഞങ്ങളോ ഞങ്ങളോ എന്ന്.എന്റെ ഉമ്മയുടെ വിടവാങ്ങലില്‍ രഹസ്യമായും പരസ്യമായും പൊരുത്തപെടുവിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്നവര്‍ ഇനിയെങ്കിലും ഓര്‍ക്കട്ടെ മുന്നറിയിപ്പില്ലാതെയാണു മരണം തേടിയെത്തുകയെന്നും നിഷ്കളങ്കമായ മനസ്സുമായി പ്രായം ആറിലെത്തിയവരാണെങ്കിലും അറുപതിലെത്തിയവരാണെങ്കിലും തയ്യാറായിരിക്കണമെന്ന്.
ആ ഉമ്മയില്ലെങ്കിലും ആ ഉമ്മയുടെ മക്കളോട് കാണിക്കുന്ന സ്നേഹബന്ധമായിരിക്കും ആശ്വാസവാക്കുകളുമായിരിക്കും ഏറ്റവും വലിയ പൊരുത്തപെടല്‍.അല്ലാതെ മരിച്ച വ്യക്തിയുടെ അകല്‍ച്ചയില്‍ സങ്കടം പേറി ആ മരണം ഒരു പരാജയമാക്കി മാറ്റാനല്ല ശ്രമിക്കേണ്ടത്.മരിച്ച വ്യക്തിയെ പറ്റിയും വ്യക്തിക്കു വേണ്ടിയും നല്ലതു പറയണമെന്ന തത്ത്വം എന്തെ ഇവിടെ ഓര്‍മവരുന്നില്ല?ഒമ്പതു വിരലുകള്‍ ഉമ്മയുടെ മരണം വിജയമായി കാണുമ്പോള്‍ ഒരു ചെറുവിരല്‍ മാത്രം കാരണങ്ങളെണ്ണി അകാലത്തില്‍ പൊഴിഞ്ഞുപോയി എന്നു വിലപിക്കുമ്പോള്‍ ഇവരൊക്കെ മരണത്തെ പ്രതീക്ഷിക്കുന്നത് എന്നാണാവോ?നബിയുടെ ജനനത്തിനു മുമ്പെ ബാപ്പ മരിച്ചതും നബിയുടെ ചെറുപ്രായത്തിലേ ഉമ്മ മരിച്ചതും നബിയുടെ മകന്‍ ചെറുപ്പത്തിലേ മരിച്ചതുമൊക്കെ ആരെങ്കിലും ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാണോ?
ഉമ്മയുടെ മരണം ഒരു തീരാനഷ്ടമാണ്.ആ നഷ്ടങ്ങള്‍ ഉമ്മാക്കല്ല ഞങ്ങള്‍ മക്കള്‍ക്കാണ്.ചെറിയ പിണക്കങ്ങളും പരാതികളും തെറ്റിധാരണകളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടു പോലും എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ഘടകമായിരുന്നു ഉമ്മ.ആര്‍ക്കും സങ്കടങ്ങളും സന്തോഷങ്ങളും സമര്‍പ്പിക്കാനും പരസ്പരമറിയിച്ചു എന്തിനും പരിഹാരം കണ്ടെത്താനും ഉമ്മാക്കു കഴിഞ്ഞിരുന്നു.ഒരു മാത്രുത്ത്വത്തിന്റെ ആഘോഷമായിരുന്നു ഉമ്മ.ഉമ്മയില്ലാത്ത ആഘോഷങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞു പോയിട്ടില്ല.മക്കള്‍ക്കിടയില്‍ വിവേചനം വരുത്തുന്ന ആഘോഷങ്ങളൊന്നും ഉമ്മ നടത്തിയിട്ടില്ല.ആണായാലും പെണ്ണായാലും മക്കള്‍ക്കിടയില്‍ തുല്ല്യനിലയിലാണു ഉമ്മ സ്നേഹം പങ്കുവെച്ചത്.പിണങ്ങിയവരേയൊക്കെ ഇണക്കാനാണു ഉമ്മ ശ്രമിച്ചത്.ശത്രുവിനെ സ്നേഹം കൊണ്ട് പരാജയപ്പെടുത്താനാണു ഞങ്ങളെ പഠിപ്പിച്ചത്.ഒരു കൂട്ടരോട് സ്നേഹം കൂടുമ്പോള്‍ രണ്ടാമത്തെ കൂട്ടരോട് അകലുകയും രണ്ടാമത്തെ കൂട്ടരോട് അടുക്കുമ്പോള്‍ ഒന്നാമത്തെ കൂട്ടരോട് അകലുന്നതരത്തിലുള്ള സ്വഭാവമോ എരിതീയില്‍ എണ്ണയൊഴിക്കുന്ന സ്വഭാവക്കാരിയോ ആയിരുന്നില്ല ഞങ്ങളുടെ ഉമ്മ.ധനം കൊണ്ട് സമ്പന്നയായിരുന്നില്ലെങ്കിലും സ്നേഹം കൊണ്ടെന്നും സമ്പന്നയായിരുന്നു.ആഘോഷങ്ങളിനിയും വരും പക്ഷെ ആ ആഘോഷങ്ങള്‍ക്കൊന്നും ഉമ്മയുടെ അസാന്നിദ്ധ്യത്തില്‍ നിറപ്പകിട്ട് ചാര്‍ത്താനാവില്ല.
ഫാത്തിമ മുതല്‍ ഫാദിയ വരെയുള്ള രണ്ട് തലമുറകള്‍ക്കു താരാട്ട് പാടിയുറക്കാനും ,തഴുകിയുണര്‍ത്താനും വളര്‍ത്താനും ഉമ്മക്കു കഴിഞ്ഞു.ബാക്കി വരുന്ന തലമുറകള്‍ക്കു കൂടി അവരോടൊപ്പം ജീവിക്കാന്‍ ഉമ്മക്കു കഴിഞ്ഞില്ലെങ്കിലും ജീവിതകാലത്ത് മക്കളേയും മരുമക്കളേയും പേരമക്കളേയും മക്കളെ പോലെ സ്നേഹിക്കാന്‍ കഴിഞ്ഞു.ഉമ്മയുടെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത് മക്കളെ പോലെ സ്നേഹിക്കുന്ന മരുമക്കളെ കിട്ടിയതാണ്.മരുമക്കളേയും പെരമക്കളേയും സ്നേഹിക്കാനും സത്കരിക്കാനും ഉമ്മ മറന്നിരുന്നില്ല.സ്വന്തം മക്കള്‍ സ്വന്തം വീട്ടില്‍ സന്തോഷത്തോടെ വന്നു നില്ക്കുമ്പോള്‍ ചിലവു കൂടുമെന്നു ഭയക്കുന്ന മാതാപിതാക്കള്‍ക്കു പഠിക്കേണ്ട ഒരു പാഠമാണു എന്റെ ഉമ്മ.പണമല്ല പരിഗണനയും സ്നേഹവുമാണു കുടുംബബന്ധങ്ങളില്‍ വേണ്ടതെന്നും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചു ഉമ്മ.പേരകുട്ടിയുടെ കല്ല്യാണം കഴിഞ്ഞു കാണാന്‍ ഭാഗ്യമുണ്ടായില്ലെന്നു പറഞ്ഞു എന്റെ ഉമ്മ അനുഭവിച്ച സൌഭാഗ്യങ്ങള്‍ക്കു അളവുകോലു വെക്കുമ്പോള്‍ എനിക്കവരോട് ചോദിക്കാനുള്ളതു എന്റെ ഉമ്മയുടെ സൌഭാഗ്യത്തിന്റെ അകലത്തെങ്കിലും എത്താന്‍ കഴിഞ്ഞിട്ടുണ്ടോ അവര്‍ക്ക് എന്നാണ്.ആരാണു ആശകള്‍ മുഴുവന്‍ പൂവണിഞ്ഞു മരിച്ചുപോയത്.പേരകുട്ടിയുടെ വിവാഹം കഴിഞ്ഞാല്‍ പേരകുട്ടിക്കു ഒരു കുട്ടിയായി കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആഗ്രഹം.മനുഷ്യന്റെ ആശകള്‍ക്കതിരില്ല എന്നു ഈ കൂട്ടര്‍ ഒന്നറിഞ്ഞിരുന്നുവെങ്കില്‍,ആരെയാണു ഇവര്‍ ആയുസ്സിന്റെ കണക്കായി കാണുന്നത്.അല്ലെങ്കിലും ഒരുപാടു കാലങ്ങള്‍ ജീവിക്കുന്നതിലല്ല ജീവിക്കുന്ന കാലത്തു സര്‍വ്വമനസ്സാ അംഗീക്രിതമായ ജീവിതം നയിക്കുന്നതിലാണു കാര്യം.അങ്ങനെ ഒരു ജീവിതമാണു ഞങ്ങളുടെ ഉമ്മ കാഴ്ച്ചവെച്ചത്,ഭാര്യയായും,സഹോദരിയായും ഉമ്മയായും ഉമ്മമ്മയായും അമ്മായിയമ്മയായും അയല്‍വാസിയായും കൂടപിറപ്പായും കൂട്ടുകാരിയായും സ്നേഹനിധിയായും സഹായഹസ്തയായും അങ്ങനെയങ്ങനെ...............
ഉമ്മ അറിഞ്ഞോ അറിയാതെയോ അള്ളാഹു മരണത്തിനു വേണ്ടി തയ്യാറായെടുപ്പിച്ചിരുന്നു എന്നാണു തോന്നുന്നത്,കയറി കിടക്കാന്‍ കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന മക്കളുടെ ഈ കാലഘട്ടത്തില്‍ മക്കളെ കൊണ്ട് അങ്ങനെയൊന്നു ചിന്തിപ്പിക്കുക പോലും ചെയ്യാതെയും മാറാരോഗത്തിനോ വാര്‍ദ്ധക്യസഹജ രോഗത്തിനോ അടിമപ്പെടാതെ ദീര്‍ഗകാലം കഷ്ടതകളനുഭവിച്ചു മക്കളെ കൊണ്ടൊ സ്വയമോ ഒന്നു മരിപ്പിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്ന ഗതി വരുത്താതെ അള്ളാഹു തന്നെ അഭിമാനപുരസരം സ്വാഗതം ചെയ്തു ഞങ്ങളുടെ ഉമ്മയെ.ദുഖമുണ്ട് അതിലേറെ അഭിമാനമുണ്ട് ആ വീരോചിതമായ യാത്രയില്‍.ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഖുര്‍ആന്‍ പാരായണവും നിസ്കാരവും ദിക് റും ദാനധര്‍മ്മങ്ങളും നോമ്പും എല്ലാം നിലനിര്‍ത്തി പോന്നിരുന്നു.ഏകനായ അള്ളാഹുവിനോട് മാത്രമാണു എന്നും പ്രാര്‍ത്ഥിച്ചത്.ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു വേണ്ടി ഉമ്മ നിയ്യത്തെടുത്തിരുന്നു.മാനസികമായും സമ്പത്തികമായും ഉമ്മ തയ്യറെടുത്തിരുന്നു,ചില ശരീരിക അസ്വസ്തതകല്‍ മാത്രമാണു അതിനു ദീര്‍ഗം സ്രിഷ്ടിച്ചത്.നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആഗ്രഹം തന്നെ ഒരു പുണ്യമാണെന്നു കേട്ടിട്ടുണ്ട്.പാവങ്ങളുടെ ഹജ്ജെന്നു പറയുന്ന ജുമുഅ നിര്‍വഹിക്കാന്‍ ഉമ്മക്കു കഴിഞ്ഞു എന്നു അഭിമാനിക്കുന്നു.അല്ലെങ്കിലും ഹജ്ജ് നിര്‍വഹിച്ചു പാപകറ കളഞ്ഞു പിറന്നകുഞ്ഞിനു സമാനമായി തിരിച്ചുവന്നു വീണ്ടും കുന്‍ റ്റും പോരും പകയും പിശുക്കും അസൂയയും അഹങ്കാരവും വിദ്വേഷവും പരിഹാസവും ഏഷണിയും ഭീഷണിയുമൊക്കെ വെച്ചു പുലര്‍ത്തി അള്ളാഹുവിനെ പരിഹസിക്കുന്ന രീതിയില്‍ ഹജ്ജ്പട്ടം ചൂടി നടക്കുന്നതില്‍ എന്താണു മിച്ചം.
ദുസ്സ്വഭാവങ്ങളുടെയൊന്നും ഉടമയായിരുന്നില്ല ഉമ്മ.അതിഥികള്‍ക്കൊക്കെ നല്ലൊരു ആതിഥേയയായിരുന്നു ഉമ്മ ആ അതിഥേയര്‍ക്കൊക്കെ നല്ലൊരു അതിഥി കൂടിയായിരുന്നു.മറ്റുള്ളവരോടുള്ള ദേശ്യം മക്കളെ അടിച്ചു തീര്‍ക്കുന്ന ഉമ്മമാരില്‍ നിന്നു വ്യത്യസ്തയായിരുന്നു ഞങ്ങളുടെ ഉമ്മ.അടിച്ചല്ല സ്നേഹത്തോടെ ഉപദേശിച്ചാണു മക്കളെ വളര്‍ത്തിയത്.ആ മേന്മയൊന്നും മക്കള്‍ക്കു പോലും കിട്ടിയിട്ടില്ല.അതു കൊണ്ടാണു റാന്‍ചാനെത്തുന്ന പരുന്തിനെ കണ്ടു കോഴിക്കുഞ്ഞുങ്ങള്‍ ചിറകിന്‍ കീഴിലൊളിക്കുന്ന പോലെ അടി കിട്ടാന്‍ നേരത്തൊക്കെ പേരക്കുട്ടികള്‍ അഭയം ഉമ്മയില്‍ പ്രാഭിച്ചത്.പേരകുട്ടികള്‍ക്കെന്നും സ്നേഹനിധിയായ ഉമ്മമ്മയായിരുന്നു തൊട്ടതിനും പിടിച്ചതിനും വഴക്കു പറയുന്ന ഒരു മുത്തശ്ശിയായിരുന്നില്ല ഉമ്മ.വഴക്കു പറയാന്‍ പോലും അറിയില്ലെന്നു പറയാം.എത്ര വാശിയുള്ള കുട്ടിയും ഉമ്മയുടെ അടുത്ത് ഒതുങ്ങിയിരുന്നു.അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ഉമ്മയെ ആവശ്യമായിരുന്നു.മക്കളുടെ വീട്ടിലെല്ലാം മക്കളുടെയും പേരമക്കളുടെയും കൂടെ ചെന്നു നിന്നു എന്നും തിരക്കു പിടിച്ച സ്നേഹത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തു.മക്കളേക്കാള്‍ ഒരു പിടി സ്നേഹം കൂടുതല്‍ പേരമക്കള്‍ക്കായിരുന്നു.എന്നും സ്നേഹത്തിന്റെ മധുരവുമായി തുറന്നിട്ട കവാടങ്ങളില്‍ മക്കളേയും മരുമക്കളെയും പേരമക്കളെയും കാത്തിരുന്നിരുന്നു ഉമ്മ അവരുമായി സ്നേഹം പങ്കിടാനും സല്ലപിക്കാനും .ചെറുതു വലുത് എന്നോ ആണോ പെണ്ണോ എന്നോ ഇന്നയാളോട് ഇത്ര സ്നേഹകൂടുതല്‍ എന്നൊന്നും ഉമ്മക്കുണ്ടായിരുന്നില്ല.ഉമ്മക്കു വേണ്ടി എന്തു ചെയ്യാനും മക്കള്‍ സജ്ജമായിരുന്നു.അതൊന്നും പ്രതീക്ഷിച്ചായിരുന്നില്ല,നല്കിയ സ്നേഹത്തിനുള്ള ചെറിയ ഉപഹാരം മാത്രമായിരുന്നു.ഒരു മകനോടോ മകളോടോ പ്രത്യേകം ഇഷ്ടം തോന്നി വിവേചനം വരുത്തി മാത്രുത്ത്വമെന്ന മഹിതമായ സ്ഥാനത്തിനു കളങ്കം വരുത്തുന്ന തരത്തില്‍ സ്നേഹദ്രവ്യമായി ആര്‍ക്കും ഒന്നും എഴുതിവച്ചിട്ടോ കൊടുത്തിട്ടോ ഇല്ല.എന്നും കൈമുതലായിരുന്ന സ്നേഹം വീതിച്ചു നല്കി തുല്യ നിലയില്‍ എല്ലാവര്‍ക്കും.
എല്ലാവരേയും എത്തിക്കേണ്ടിടത്തു എത്തിച്ചാണു ഉമ്മ പോയതു.ദിനം പ്രതി കണ്ട് സ്നേഹം പുലര്‍ത്തിയിരുന്ന എന്നേയും നാസറിനേയും റിയാസിനേയും സമീറത്തയേയും ഹാഷിറിനേയും ദൂരത്തേക്കു യാത്രയാക്കി,ഇളയ മകളോടും മരുമകനോടും പേരമക്കളോടുമൊപ്പം നീണ്ട മാസങ്ങള്‍ ജീവിച്ചു.മക്കളുടെ വീട്ടില്‍ എല്ലായിടത്തും ചെന്നു നിന്നു കരൂര്‍ പോലും .എത്രയോ യാത്രകളും വിരുന്നുകളും നടത്തി.മരണ കാരണമായി ഒരു അസുഖം വന്നപ്പോള്‍ മക്കളും മരുമക്കളും പേരമക്കളും ഒന്നിച്ചെത്തി സങ്കടം നിറഞ്ഞ മുഖവുമായി നിന്നു ഉമ്മ തിരികെ വരുമെന്ന ചിന്തയോടെ.പക്ഷെ ഉമ്മ പോയി,ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്ത്വങ്ങള്‍ എല്ലാം മാന്യതയോടെ ചെയ്തു തീര്‍ത്തു.എന്നെ ദുബൈയിലേക്കു യാത്രയക്കുമ്പോള്‍ നെറ്റിയില്‍ ഉമ്മ തന്ന് ഉമ്മ പറഞ്ഞു"പറഞ്ഞയക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല നിനക്കും വേണ്ടെ ഒരു ജീവിതം"എന്ന്.ആ ഒന്നര വര്‍ഷത്തെ കണ്ണകല്‍ച്ചയിലൂടെയാണു ഉമ്മയുടെ വേര്‍പാടെന്ന പരിഭ്രാന്തിയില്‍ നിന്നുമ്മയെന്നെ രക്ഷിച്ചത്.ഉപ്പയില്ലാത്ത അനാഥത്വം എനിക്കു ആരും തന്നെ അറിയിക്കാതിരുന്നിട്ടും അതെന്റേയൊരു മനോവേദനയായിരുന്നു.ഇപ്പോള്‍ ഉമ്മയും ആ വേദനയുടെ ഭാഗമായി മാറി.വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലല്ലോ എന്ന ചിന്തയോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു.കൂടെ ഞങ്ങള്‍ പ്രാര്‍ത്തിക്കുന്നു "അള്ളാഹുവേ,ഞങ്ങളുടെ ഉമ്മയുടേയും ഉപ്പയുടേയും ഞങ്ങളില്‍ നിന്നു മരണപ്പെട്ട എല്ലാവരുടെയും കബ്റുകളെ സ്വര്‍ഗപൂന്തോപ്പാക്കണേ,ഞങ്ങളെ എല്ലാവരെയും സ്വര്‍ഗത്തിന്റെ അവകാശികളില്‍ ഉള്‍പെടുത്തണേ" ആമീന്‍......

...............................................................................................................................................................................................................................

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos